Tuesday, May 10, 2011

സൗദിവത്കരണം കാര്യക്ഷമമാക്കാന്‍ പുതിയ കാല്‍വെപ്പുകള്‍

സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം ഉറപ്പാക്കുന്നതിന് സൗദി ഭരണകൂടം കൂടുതല്‍ ഊര്‍ജിതവും കാര്യക്ഷമവുമായ നടപടികളിലേക്ക് നീങ്ങുന്നു.
സൗദിവത്കരണത്തില്‍ ഉപേക്ഷ വരുത്തുന്ന സ്ഥാപനങ്ങളിലെ വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കിക്കൊടുക്കുന്നത് നിര്‍ത്തലാക്കുക ഉള്‍പ്പെടെയുള്ള നടപടികളാണ് വരാന്‍ പോകുന്നത്. തൊഴില്‍മന്ത്രി ആദില്‍ ഫഖീഹ് ജിദ്ദയില്‍ ഒരു പ്രസ്താവനയിലാണ് പുതിയ നീക്കങ്ങള്‍ അറിയിച്ചത്.
സൗദിവത്കരണത്തില്‍ താത്പര്യം കാണിക്കുന്ന സ്ഥാപനങ്ങളെയും അല്ലാത്തവരെയും വേര്‍തിരിച്ചു കണ്ടായിരിക്കും തിരിച്ചുള്ള സമീപനങ്ങളും ആനുകൂല്യങ്ങളും എന്നും മന്ത്രി തുടര്‍ന്നു. ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിക്കാന്‍ 'നിത്വാഖാത്ത്' എന്ന പേരില്‍ പുതിയ സിസ്റ്റം മന്ത്രാലയം ഏര്‍പ്പെടുത്തും.
സൗദിവത്കരണത്തില്‍ ശുഷ്‌കാന്തി കാണിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പലവിധ ആനുകൂല്യങ്ങളും നല്‍കും. അല്ലാത്തവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സ്വകാര്യ തൊഴില്‍ദാതാക്കള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ മത്സരബുദ്ധി ഉണ്ടാക്കിയെടുക്കുകയാണ് സൗദി തൊഴില്‍മന്ത്രാലയത്തിന്റെ ലക്ഷ്യം.
'നിത്വാഖാത്ത്' അനുസരിച്ച് സ്വകാര്യസ്ഥാപനങ്ങളെ ട്രാഫിക് സിഗ്‌നലിലേതുപോലെ പച്ച, മഞ്ഞ, ചുകപ്പു ബെല്‍റ്റുകളിലാക്കി തരംതിരിക്കും. തൊഴില്‍ സ്വദേശിവത്കരണത്തില്‍ വിജയംകൈവരിച്ച സ്ഥാപനങ്ങള്‍ പച്ചയിലും വേണ്ടത്ര നേടിയിട്ടില്ലാത്തവ മഞ്ഞ ബെല്‍റ്റിലുമായിരിക്കും ഉള്‍പ്പെടുക. മോശം അവസ്ഥയിലുള്ളവ ചുകപ്പില്‍ ഉള്‍പ്പെടും.
ചുകപ്പുവിഭാഗത്തില്‍പ്പെടുന്ന സ്ഥാപനങ്ങളിലെ വിദേശികള്‍ക്കാണ് വര്‍ക്ക് പെര്‍മിറ്റ് പുതുക്കിക്കൊടുക്കാതിരിക്കുക. അതോടൊപ്പം മഞ്ഞ, ചുകപ്പ് വിഭാഗത്തില്‍പ്പെടുന്ന കമ്പനിയിലെ ജീവനക്കാര്‍ക്ക് തൊഴില്‍ദാതാവിന്റെ അനുമതിയില്ലാതെതന്നെ പച്ച ബെല്‍റ്റിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറുകയും ചെയ്യാം.
ജൂണ്‍ 11ന് സ്ഥാപനങ്ങളുടെ ഗ്രേഡിങ് സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തും. ഇതിനകം സ്വകാര്യ സ്ഥാപനങ്ങള്‍ തങ്ങളുടെ കീഴിലുള്ള സൗദി ജീവനക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ചെയ്യണം.
അതോറിറ്റിയുടെ വിവരശേഖരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സൗദിവത്കരണത്തിലെ തുടര്‍നടപടികള്‍.
മന്ത്രാലയത്തില്‍നിന്നും സ്വകാര്യമേഖലയില്‍നിന്നുമുള്ള പ്രതിനിധികളും മാനവശേഷി രംഗത്തെയും സാമ്പത്തികരംഗത്തെയും വിദഗ്ധരും ഉള്‍പ്പെട്ട സമിതി നിരവധി തവണ നടത്തിയ വര്‍ക്ക്‌ഷോപ്പുകളില്‍നിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങള്‍പ്രകാരമാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ രൂപപ്പെടുത്തിയത്.
വിദേശികളില്‍ 84 ശതമാനം പേര്‍ അവിദഗ്ധരും സെക്കന്‍ഡറി വിദ്യാഭ്യാസംമാത്രം സിദ്ധിച്ചവരുമാണ്. സ്വകാര്യമേഖലയുടെ തികഞ്ഞ സഹകരണം ഉണ്ടെങ്കില്‍ ഇത്രയും പേരുടെ അവസരങ്ങളില്‍ സ്വദേശികളെ നിയമിക്കാനാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
എണ്‍പത് ലക്ഷം വിദേശിതൊഴിലാളികളെ സൗദിമാര്‍ക്കറ്റിന് ഉള്‍ക്കൊള്ളാമെങ്കില്‍ എന്തുകൊണ്ട് അതിന്റെ പത്തിലൊന്ന് എണ്ണം മണ്ണിന്റെ മക്കളെ ഉള്‍പ്പെടുത്തിക്കൂടെന്ന് തൊഴില്‍മന്ത്രി ആദില്‍ ഫഖീഹ് ചോദിച്ചു.
ഗാസി ഖുസയ്യിബിന്റെ മരണത്തെത്തുടര്‍ന്ന് നിയമിതനായ ഇപ്പോഴത്തെ സൗദി തൊഴില്‍മന്ത്രി ആദില്‍ ഫഖീഹ് സൗദിവത്കരണം സംബന്ധിച്ച് പുതിയ ചില നടപടികളിലേക്ക് നീങ്ങുമെന്ന് ആദ്യംമുതല്‍ക്കേ സൂചനയുണ്ടായിരുന്നു.
പുതിയ പരിപാടിക്കായി ആയിരം പേരെ അധികമായി നിയമിച്ചുകൊണ്ട് അബ്ദുള്ള രാജാവ് ഉത്തരവിട്ടിട്ടുമുണ്ട്.

No comments: