വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ ചരമവാര്‍ഷികദിനമായ ഇന്നു രാമപുരം ഫൊറോന പള്ളിയില്‍ കുഞ്ഞച്ചന്റെ തിരുനാളില്‍ സംബന്ധിക്കാനായി ജാതിമതഭേദമെന്യേ പതിനായിരങ്ങള്‍ ഒഴുകിയെത്തും. ഇന്നു രാവിലെ 8.45 ന് നേര്‍ച്ചഭക്ഷണം വെഞ്ചരിക്കും. നേര്‍ച്ചസദ്യയ്ക്കായുള്ള വിഭവങ്ങള്‍ ഭക്തജനങ്ങള്‍ നേര്‍ച്ചകാഴ്ചകളായി എത്തിച്ചിരുന്നു. അരി, നാളികേരം, വാഴക്കുല, പയര്‍ തുടങ്ങിയവയാണ് നേര്‍ച്ചകാഴ്ചകളായി വിശ്വാസികള്‍ സമര്‍പ്പിക്കുന്നത്. ഭക്തജനങ്ങള്‍ക്കു നേര്‍ച്ചഭക്ഷണം വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഇന്നു രാവിലെ 5.30, 6.30, 7.30, 8.30 - വിശുദ്ധ കുര്‍ബാന. 9.45 ന് ഡിസിഎംഎസിന്റെ ആഭിമുഖ്യത്തിലുള്ള തീര്‍ഥാടനയാത്രയ്ക്കു സ്വീകരണം നല്‍കും. രാവിലെ പത്തിനു മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ റാസ അര്‍പ്പിച്ച് സന്ദേശം നല്‍കും. ഉച്ചയ്ക്ക് 12 നു പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് 2.30 നും 3.30 നും 4.30 നും വിശുദ്ധ കുര്‍ബാന
വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചനെപ്പറ്റി ദീപിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ഫാ. ജോസഫ് ആലഞ്ചേരിയുടെ ലേഖനമാണ് താഴെ നല്‍കുന്നത്
വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ മധ്യസ്ഥതയില്‍ അദ്ഭുത രോഗശാന്തി ലഭിച്ച അടിമാലി സെന്റ് മാര്‍ട്ടിന്‍സ് ഇടവകാംഗം ഗില്‍സണ്‍ വര്‍ഗീസ് നന്ദിയുടെ നറുമലരുകള്‍ അര്‍പ്പിക്കാനായി ഇന്നു രാമപുരത്തു വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ദിനത്തില്‍ കബറിടത്തിങ്കലെത്തും. അടിമാലി കളത്തില്‍വീട്ടില്‍ വര്‍ഗീസ്-എല്‍സി ദമ്പതികളുടെ മകനായ ഗില്‍സന്റെ വലതുകാല്‍ വളഞ്ഞതും ഇടതുകാല്‍ ശോഷിച്ചതുമായിരുന്നു. ജന്മനാ ഉണ്ടായിരുന്ന ഈ വൈകല്യം പരിഹരിക്കാന്‍ ഇരുകാലുകളിലും പ്ലാസ്റ്റര്‍ ഇട്ടിരുന്നു. എന്നാല്‍, അസഹ്യമായ വേദനയും അസ്വസ്ഥതയും മൂലം ഇതു പിന്നീടു നീക്കം ചെയ്തു.
നിലത്തു ചവിട്ടുന്നതിനോ കാലുറപ്പിക്കുന്നതിനോ നടക്കുന്നതിനോ കഴിയുമായിരുന്നില്ല. പല ഡോക്ടര്‍മാരെയും കാണിച്ചു. മൂന്നു ഘട്ടങ്ങളിലായി മൂന്ന് ഓപ്പറേഷനുകളിലൂടെയല്ലാതെ കാലുകള്‍ സുഖപ്പെടുകയില്ല എന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. എന്നാല്‍, സാമ്പത്തിക പരാധീനത മൂലം ഇതിനു കഴിഞ്ഞില്ല. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇടവക വികാരിയും രാമപുരം സ്വദേശിയുമായ ഫാ.ഏബ്രഹാം പാണങ്കാട്ട് ഗില്‍സനെകൂട്ടി രാമപുരത്തു കുഞ്ഞച്ചന്റെ സവിധത്തിലെത്തി. കാലുകള്‍ സുഖപ്പെടുന്നതിനായി അച്ചന്റെ നിര്‍ദേശത്താല്‍ പ്രാര്‍ഥിച്ചു.
വീട്ടില്‍ തിരിച്ചെത്തിയശേഷം കുടുംബാംഗങ്ങളോടൊപ്പം വീണ്ടും വീണ്ടും നിരന്തരമായി പ്രാര്‍ഥിച്ചു. ഒരു ദിവസം ഉറങ്ങിയെണീറ്റപ്പോള്‍ തന്റെ കാലുകള്‍ രണ്ടും നിവര്‍ന്നിരിക്കുന്നതുകണ്ട ഗില്‍സണ്‍ ആശ്ചര്യപ്പെട്ടു. നടന്നുനോക്കിയപ്പോള്‍ യാതൊരു തടസവും ഉണ്ടായിരുന്നില്ല. കുഞ്ഞച്ചന്റെ മധ്യസ്ഥതയാലാണു തന്റെ ശാരീരികന്യൂനത മാറിയതെന്നു ഗില്‍സണു ബോധ്യമായി. ഇക്കാര്യം വൈസ് പോസ്റ്റുലേറ്റര്‍ റവ.ഡോ. കുര്യന്‍ മാതോത്തിനെ അറിയിച്ചു. മാതാപിതാക്കള്‍, അധ്യാപകര്‍, അയല്‍വാസികള്‍, സഹപാഠികള്‍, ഡോക്ടര്‍മാര്‍ എന്നിവരില്‍നിന്നു വിവരങ്ങള്‍ ആരാഞ്ഞു. ഗില്‍സനെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, സുഖപ്പെടുന്നതിനു മുമ്പും ശേഷവുമുള്ള ഫോട്ടോകള്‍, എക്‌സ്‌റേ തുടങ്ങിയവയെല്ലാം നാമകരണ നടപടികള്‍ക്കായുള്ള കോണ്‍ഗ്രിഗേഷനില്‍ സമര്‍പ്പിച്ചു.
2004 ഒക്ടോബര്‍ 26ന് ഏഴു ഡോക്ടര്‍മാരുടങ്ങുന്ന വിദഗ്ധസംഘം ഗില്‍സന്റെ സുഖപ്രാപ്തി ശാസ്ത്രീയമായി വെളിപ്പെടുത്താന്‍ സാധ്യമല്ല എന്നു രേഖപ്പെടുത്തി. . 2005 ഡിസംബര്‍ 19നു ഗില്‍സണ്‍ വര്‍ഗീസിനു ലഭിച്ച സുഖപ്രാപ്തി അദ്ഭുതമാണെന്നു മാര്‍പാപ്പ സ്ഥിരീകരിച്ചു. അതോടെ ധന്യന്‍ കുഞ്ഞച്ചന്‍ വാഴ്ത്തപ്പെട്ടവനെന്നു നാമകരണം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഇന്നു 30 വയസുള്ള ഗില്‍സണ്‍ ഭാര്യ സരിതയോടും രണ്ടു കുട്ടികളോടുമൊപ്പം തൃശൂര്‍ ഒല്ലൂര്‍ സെന്റ് ആന്റണീസ് ഇടവകയില്‍ താമസിക്കുന്നു. സ്വകാര്യ സ്ഥാപനത്തിലുണ്ടായിരുന്ന ജോലി നിര്‍ത്തി വിദേശത്തേക്കു പോകാനുള്ള തയാറെടുപ്പിലാണു ഇദ്ദേഹം.
എല്ലാ വര്‍ഷവും മുടങ്ങാതെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ചരമവാര്‍ഷികദിനത്തില്‍ ഗില്‍സണ്‍ മാതാപിതാക്കളോടൊപ്പം രാമപുരം പള്ളിയില്‍ എത്താറുണ്ട്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും തൊഴില്‍ സമ്പാദിക്കാനും കുടുംബമായി ജീവിക്കാനും അവസരം ലഭിച്ചതു കുഞ്ഞച്ചന്റെ അനുഗ്രഹത്താലാണെന്നു പറയുന്ന ഗില്‍സണ്‍, കുഞ്ഞച്ചനെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്.
അനാഥര്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കും നിസഹായര്‍ക്കുമെല്ലാം ദൈവത്തിന്റെ മടിയിലാണു സ്ഥാനം എന്നു പറഞ്ഞുകൊണ്ട് പാവപ്പെട്ടവനെ ദൈവം സഹായമായുള്ളവന്‍ (ലാസര്‍) എന്ന പേരുവിളിച്ച് രക്ഷകനായ ക്രിസ്തു ലോകത്തോടു ധനവാന്റെയും ലാസറിന്റെയും ഉപമ പറഞ്ഞു. വിശ്വനായകനായ മിശിഹായുടെ പ്രബോധനവഴികളില്‍ പദമൂന്നി, ലോകാവസാനത്തോളം കൂടെയുള്ള തന്റെ ഗുരുവിന്റെ വചനങ്ങളെ നെഞ്ചോടു ചേര്‍ത്ത് കരുണയുടെയും കരുതലിന്റെയും നിക്ഷേപങ്ങള്‍ തോളില്‍ത്തൂക്കി കുഷ്ഠരോഗികളുടെ വഴികള്‍ മനഃപൂര്‍വം തെരഞ്ഞെടുത്ത ക്രിസ്തുവിനെപ്പോലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ കുടിലുകള്‍ തേടി കുഞ്ഞച്ചന്‍ യാത്രയായി. ഒരു നവോത്ഥാനത്തിന്റെ ആരംഭമായിരുന്നു അത്. തികച്ചും നിശബ്ദമായ ഒരു ഒറ്റയാള്‍ വിപ്ലവം. താന്‍ ആര്‍ക്കുവേണ്ടി ഇറങ്ങിത്തിരിച്ചുവോ അവര്‍ക്കുവേണ്ടി സഹനങ്ങളും വേദനകളും ഒറ്റയ്ക്ക് ഏറ്റെടുത്തു ലക്ഷ്യം നേടുവോളം കഠിനപരിശ്രമം നടത്തിയ ദൈവസ്‌നേഹിയും മനുഷ്യസ്‌നേഹിയുമായ ഒരു കൊച്ചു മനുഷ്യന്‍.
വനത്തിനുള്ളിലെ മനോഹരമായ പൂക്കളുടെയും സമുദ്രത്തിനുള്ളിലെ മുത്തുകളുടെയും അവസ്ഥ പോലെയായിരുന്നു കുഞ്ഞച്ചന്റെ സേവനങ്ങള്‍ക്കു ഭൗമികലോകം കൊടുത്ത ശ്രദ്ധ. മനുഷ്യന്റെ വിധികളുടെ മാനദണ്ഡമല്ലല്ലോ ദൈവത്തിന്റെ വിധികള്‍ക്കുള്ളത്. എന്നാല്‍, ഒന്നും അറിയപ്പെടാന്‍ ആഗ്രഹിക്കാതിരുന്നവരുടെ ജാതിമതവര്‍ഗവര്‍ണ വ്യത്യാസങ്ങള്‍ക്കതീതമായി ലോകത്തിനു മുന്നില്‍ പ്രസിദ്ധനാകാന്‍ വിധിയാളനായ മിശിഹാ തീരുമാനിച്ചു. ദൈവത്തിന്റെ ആ തീരുമാനത്തിനു മുമ്പില്‍ ഇന്ന് അനേകായിരങ്ങള്‍ രാമപുരത്തു കുഞ്ഞച്ചന്റെ കബറിടം ചുംബിച്ചു കടന്നുപോകുന്നു.
പൊക്കമില്ലാത്തവനായിരുന്നു തേവര്‍പറമ്പില്‍ അഗസ്റ്റിനച്ചന്‍. അതുകൊണ്ടാണ് ആ അച്ചനെ നരകയറി മൂടിയ ശിരസുമായി നടന്നിട്ടും ആളുകള്‍ കുഞ്ഞച്ചന്‍ എന്നു വിളിച്ചത്. 1926 സെപ്റ്റംബറിലാണു ദളിതരുടെ ഇടയില്‍ അദ്ദേഹം തന്റെ സേവനം ആരംഭിച്ചത്. ക്രൈസ്തവ മിഷനറിമാരുടെ സേവനത്തിന്റെ ഫലമായി ഉച്ചനീചത്വ ചിന്താഗതികളില്‍ മാറ്റങ്ങള്‍ പ്രകടമായി കണ്ടുതുടങ്ങിയിരുന്നെങ്കിലും ദളിതരുടെ ജീവിതശൈലിയില്‍ കാര്യമായ വ്യത്യാസം ഉണ്ടായിരുന്നില്ല. ഗാന്ധിജി വിളിച്ച പേര് ഹരിജനം (ദൈവജനം) മാത്രം ബാക്കിയായി. അവര്‍ ദളിതരായി (അടിച്ചമര്‍ത്തപ്പെട്ടവര്‍) തന്നെ തുടര്‍ന്നു. ഒരു തുണ്ടു ഭൂമിപോലും അവര്‍ക്കു സ്വന്തമായുണ്ടായിരുന്നില്ല. അക്ഷരജ്ഞാനമേയില്ല. ഒരു ദിവസം മുഴുവന്‍ ജോലി ചെയ്താല്‍ വൈകുന്നേരം ഭക്ഷണത്തിനുള്ള കുറച്ച് അരി കിട്ടും. രാത്രിയില്‍ കഞ്ഞിവച്ചു കുടിക്കും. രാവിലെ വീണ്ടും പണികള്‍ക്കായി പോകും. വളര്‍ച്ചയും അഭിവൃദ്ധിയുമൊന്നും സ്വപ്നം കാണാന്‍പോലും കഴിയാതിരുന്ന ജനം. അതിദയനീയമായ ഈ അവസ്ഥയില്‍നിന്നാണ് അനേകായിരങ്ങളെ നട്ടെല്ലുനിവര്‍ത്തി നില്‍ക്കാന്‍ പറ്റുന്ന ജീവിതത്തിലേക്കു കുഞ്ഞച്ചന്‍ നയിച്ചത്. ആ അര്‍ഥത്തില്‍ മഹാനായ ഒരു നവോത്ഥാരകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്നു കുഞ്ഞച്ചന്‍.
അക്കാലത്തു പൊതുവിദ്യാലയങ്ങളില്‍ ദളിതര്‍ക്കു പ്രവേശനമുണ്ടായിരുന്നില്ല. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ജീവിതസ്ഥിതിയില്‍ മാറ്റുണ്ടാക്കാനാകൂ എന്നു മനസിലാക്കിയതിനാല്‍ വിവിധ ഭാഗങ്ങളിലായി ദളിത് കുട്ടികള്‍ക്കായി ത്തന്നെ കുഞ്ഞച്ചന്‍ കളരികള്‍ ആരംഭിച്ചു. മടിയിലിരുത്തി അവരെ അച്ചന്‍ അക്ഷരം പഠിപ്പിച്ചു.
എല്ലാ കുടിലുകളിലും അദ്ദേഹം കയറിയിറങ്ങി. ദുഃഖങ്ങള്‍ കേള്‍ക്കുകയും രോഗികളെ ശുശ്രൂഷിക്കുകയും ചെയ്തു. ശുശ്രൂഷയ്ക്കിടയില്‍ ഒരിക്കല്‍ ചക്കാമ്പുഴയ്ക്കടുത്തുള്ള ഒരു കുടിലിനു മുമ്പില്‍ അദ്ദേഹം എത്തി. പുറത്തുനിന്നു വിളിച്ചപ്പോള്‍ അകത്തുനിന്ന് ഒരു ഞരക്കം മാത്രമേ കേള്‍ക്കാനുള്ളൂ.
നിലംപൊത്തിയ രീതിയില്‍ ഇരിക്കുന്ന കൂരയ്ക്കകത്തേക്കു മുട്ടിലിഴഞ്ഞാണു കുഞ്ഞച്ചന്‍ കയറിയത്. അകത്തുകണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. മരണത്തോടു മല്ലടിച്ച് ഒരു വൃദ്ധ വെറും നിലത്തു കിടക്കുന്നു. ആ ഒറ്റ മുറിയുടെ മൂലയ്ക്ക് അടുപ്പത്ത് ഒരു കലമിരിക്കുന്നു. കഞ്ഞിവെള്ളമാണ്. പൊടുന്നനെ ഒരു പ്ലാവിലയെടുത്തു കുമ്പിള്‍കുത്തി കഞ്ഞിവെള്ളം അതിലെടുത്ത് ആ പാവം വൃദ്ധയുടെ വായിലേക്ക് അച്ചന്‍ ഒഴിച്ചുകൊടുത്തു. ദാഹിച്ചു മരിക്കാന്‍ തുടങ്ങിയ ആ വൃദ്ധയുടെ കണ്ണുകളില്‍ പ്രകാശമായി. അടുപ്പിന്റെ ഒരു കല്ല് വലിച്ച് ആ സ്ത്രീയുടെ അടുത്തിട്ടിട്ടു തലയില്‍ കൈവച്ചു കുഞ്ഞച്ചന്‍ പ്രാര്‍ഥിച്ചു. ദൈവത്തിന്റെ കരുണ കടലുപോലെ ഒഴുകിയ സമയം. മക്കള്‍ വരുന്നതുവരെ കുഞ്ഞച്ചന്‍ അവിടെനിന്നു പോയില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആ വൃദ്ധ മരിച്ചു. കുഞ്ഞച്ചന്റെ ആവശ്യപ്രകാരം പള്ളിസെമിത്തേരിയില്‍ അവരെ അടക്കം ചെയ്തു.
അവഗണിക്കപ്പെട്ട ഒരു ജനവിഭാഗത്തെ ദൈവത്തിന്റെ സ്‌നേഹത്തിലേക്കും സാംസ്‌കാരിക മാറ്റത്തിലേക്കും കൈപിടിച്ചുയര്‍ത്തിയ ആ മഹാത്മാവിന്റെ ജീവിതത്തിന് 1973 ഒക്ടോബര്‍ 16-ാം തീയതി അന്ത്യമായി. ചരമപ്രസംഗം നടത്തിയ പ്ലാത്തോട്ടത്തില്‍ വലേറിയന്‍ അച്ചന്‍ പ്രവചിച്ചു: ഒരു വിശുദ്ധന്റെ മൃതസംസ്‌കാരത്തിലാണു നാം ഇപ്പോള്‍ സംബന്ധിക്കുന്നത്. ഇതാ സ്വര്‍ഗത്തില്‍ നമുക്കായി ഒരു മധ്യസ്ഥന്‍ കൂടി ഉണ്ടായിരിക്കുന്നു. ദൈവഹിതത്തിനു ചരിത്രം സാക്ഷിയായി. അദ്ഭുതങ്ങളും അടയാളങ്ങളും അനേകമുണ്ടായി. 2004 ജൂണ്‍ ആറിനു ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ കുഞ്ഞച്ചനെ ധന്യപദവിയിലേക്കുയര്‍ത്തി. 2006 ഏപ്രില്‍ 30നു വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കു കുഞ്ഞച്ചന്‍ ഉയര്‍ത്തപ്പെട്ടു.
No comments:
Post a Comment