സൗദിയില്‍ വിദേശികള്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നു തന്നെ ഇഖാമ; സ്ഥിരം യാത്രക്കാര്‍ക്ക് പ്രത്യേക കാര്‍ഡ്

സൗദി അറേബ്യയില്‍ വര്‍ക്ക് വിസയില്‍ വരുന്നവര്‍ക്ക് ആദ്യമായി എത്തുമ്പോള്‍ തന്നെ ഇഖാമ (റെസിഡന്‍സി പെര്‍മിറ്റ്) എയര്‍പോര്‍ട്ടില്‍ നിന്നും ലഭ്യമാക്കാന്‍ സാധ്യതയേറി. നിലവില്‍ ഒരു വിദേശ രാജ്യത്ത് നിന്നും വര്‍ക്ക് വിസയുള്ള ഒരു തൊഴിലാളി എത്തിയാല്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് ഇത് ലഭിക്കുന്നത്. അതു തന്നെ ഇടനിലക്കാരുടെ പലവിധത്തിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയമായതിന് ശേഷവും. എന്നാല്‍ എയര്‍പോര്‍ട്ടില്‍ നിന്നു തന്നെ ഇഖാമ ലഭ്യമാകുന്നതോടെ വിദേശതൊഴിലാളികള്‍ക്ക് നേരേ നടക്കുന്ന ചൂഷണത്തിന് ഒരു പരിധി വരെ അന്ത്യമായേക്കുമെന്നും കരുതുന്നു.
ഭരണതലത്തില്‍ സൗദിയില്‍ നടപ്പിലാക്കുന്ന ഇലക്‌ട്രോണിക് സംവിധാനം നിലവില്‍ വരുന്നതോടെ എയര്‍പോര്‍ട്ടിലും സ്ഥാപിക്കപ്പെടുന്ന ഇലക്‌ട്രോണിക് ഗേറ്റ് വഴിയാവും ഇഖാമ ഒരു വിദേശതൊഴിലാളി വന്നിറങ്ങുമ്പോള്‍ തന്നെ നല്‍കാനാവുന്നത്. സൗദി പാസ്‌പോര്‍ട്ട് (ജവാസാത്ത്) വിഭാഗം മേധാവി സാലിം അല്‍ ബലൈഹിദ് അറിയിച്ചതാണിത്. വിമാനത്താവളങ്ങളില്‍ പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ ഇലക്‌ട്രോണിക് ഗേറ്റ് സംവിധാനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് പാസ്‌പോര്‍ട്ട് വിഭാഗം മേധാവി ഇക്കാര്യം പറഞ്ഞത്. വൈകാതെ ഇത് പ്രാവര്‍ത്തികമാവുമെന്നും അദ്ദേഹം പറഞ്ഞു.
സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും അവരുടെ വീടുകളിലും ഓഫീസിലും ഇരുന്ന് തന്നെ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍, ഇലക്‌ട്രോണിക് ഗേറ്റ് സംവിധാനം പൂര്‍ണ്ണമായി നിലവില്‍ വരുന്നതോടെ ചെയ്യാനാകുമെന്നും അതിനായി പാസ്പോര്‍ട്ട് ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ട ആവശ്യം ഉണ്ടാവില്ലെന്നും അദ്ദേഹം അറിയിച്ചു. വര്‍ക്ക് വിസ കൂടാതെ വിദേശരാജ്യങ്ങളില്‍ നിന്നും വരുന്ന ബിസിനസുകാര്‍ക്കും കമ്പനി എക്സിക്യുട്ടീവുകള്‍ക്കും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താമെന്നും ഇലക്‌ട്രോണിക് രംഗത്തേയ്ക്കുള്ള പാസ്പോര്‍ട്ട് ഓഫീസിന്റെ നവീകരണം ബിസിനസ് രംഗത്തും വളരെ വലിയ മുന്നേറ്റമാവും ഉണ്ടാക്കുകയെന്നും സാലിം അല്‍ ബലൈഹിദ് വ്യക്തമാക്കി.
സൗദിയിലെ ബിസിനസ് രംഗത്തെ പ്രമുഖര്‍ പാസ്പോര്‍ട്ട് ഓഫീസിന്റെ ഈ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. തങ്ങളുടെ വിദേശത്തു നിന്നുള്ള ജീവനക്കാര്‍ക്ക് എന്നപോലെ തന്നെ കമ്പനി ഉടമകള്‍ക്കും ഇത് വളരെയധികം പ്രയോജനം ചെയ്യുമെന്ന് സൗദി എഞ്ചിനീയറിങ് ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ മാനേജിങ് ഡയറക്ടര്‍ റഫീഖ് യൂനസ് വെളിപ്പെടുത്തി. വിദേശതൊഴിലാളികള്‍ രാജ്യത്തെ എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ തന്നെ ഇഖാമ ലഭിക്കുന്നത് ഉടന്‍ തന്നെ ജോലിയിലേയ്ക്ക് പ്രവേശിക്കുന്നതിന് സഹായകരമാകുമെന്നും അത് അനാവശ്യമായ കാലതാമസം ഒഴിവാക്കി നിരവധി തൊഴില്‍ മണിക്കൂറുകള്‍ ഓരോ തൊഴിലാളിയിലും ലാഭിക്കുന്നതുകൊണ്ട് സമ്പദ്‌വ്യവസ്ഥയ്ക്കും ഏറെ ഗുണകരമായിരിക്കുമെന്ന് റഫീഖ് കൂട്ടിച്ചേര്‍ത്തു.
സൗദിയിലെ പ്രമുഖ തൊഴില്‍ ദാതാക്കളായ സൗദി അരാംകോ, സൗദി ഇലക്‌ട്രിസിറ്റി കമ്പനി എന്നിവര്‍ യാതൊരു കാരണവശാലും ഇഖാമ ഇല്ലാത്ത വിദേശ തൊഴിലാളികള്‍ക്ക് ഐ.ഡി കാര്‍ഡുകള്‍ പോലും നല്‍കില്ല. ഇമിഗ്രേഷന്‍ നടപടി ക്രമങ്ങള്‍ വേഗതയില്‍ തീര്‍ത്ത് കടന്നുപോകുന്നതിന് വേണ്ടി സ്ഥിരം യാത്രക്കാര്‍ക്ക് പ്രത്യേക കാര്‍ഡ് നല്‍കുന്നതും സാലിം അല്‍ ബലൈഹിദ് ലോഞ്ച് ചെയ്തു. റിയാദിലെ കിങ് ഖാലിദ് എയര്‍പോര്‍ട്ടില്‍ അഞ്ച് ഇ-ഗേറ്റുകളും ദമ്മാമിലെ കിങ് ഫഹദ് എയര്‍പോര്‍ട്ടില്‍ നാല് ഇ- ഗേറ്റുകളും സ്ഥാപിച്ചുകഴിഞ്ഞുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. മറ്റ് എയര്‍പോര്‍ട്ടുകളിലും ഇ-ഗേറ്റുകള്‍ ഉടന്‍ തന്നെ സ്ഥാപിക്കും. പാസ്പോര്‍ട്ട് വിഭാഗത്തിലെ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമം ആക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും സ്റ്റാഫിന്റെ പെരുമാറ്റ രീതികള്‍ മെച്ചപ്പെടുത്തുന്നതിന് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.
No comments:
Post a Comment