Sunday, October 16, 2011

Windows Operating System















സൗദിയില്‍ വിദേശികള്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നു തന്നെ ഇഖാമ; സ്ഥിരം യാത്രക്കാര്‍ക്ക് പ്രത്യേക കാര്‍ഡ്


സൗദിയില്‍ വിദേശികള്‍ക്ക് എയര്‍പോര്‍ട്ടില്‍ നിന്നു തന്നെ ഇഖാമ; സ്ഥിരം യാത്രക്കാര്‍ക്ക് പ്രത്യേക കാര്‍ഡ്




സൗദി അറേബ്യയില്‍ വര്‍ക്ക് വിസയില്‍ വരുന്നവര്‍ക്ക് ആദ്യമായി എത്തുമ്പോള്‍ തന്നെ ഇഖാമ (റെസിഡന്‍സി പെര്‍മിറ്റ്) എയര്‍പോര്‍ട്ടില്‍ നിന്നും ലഭ്യമാക്കാന്‍ സാധ്യതയേറി. നിലവില്‍ ഒരു വിദേശ രാജ്യത്ത് നിന്നും വര്‍ക്ക് വിസയുള്ള ഒരു തൊഴിലാളി എത്തിയാല്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് ഇത് ലഭിക്കുന്നത്. അതു തന്നെ ഇടനിലക്കാരുടെ പലവിധത്തിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയമായതിന് ശേഷവും. എന്നാല്‍ എയര്‍പോര്‍ട്ടില്‍ നിന്നു തന്നെ ഇഖാമ ലഭ്യമാകുന്നതോടെ വിദേശതൊഴിലാളികള്‍ക്ക് നേരേ നടക്കുന്ന ചൂഷണത്തിന് ഒരു പരിധി വരെ അന്ത്യമായേക്കുമെന്നും കരുതുന്നു.

ഭരണതലത്തില്‍ സൗദിയില്‍ നടപ്പിലാക്കുന്ന ഇലക്‌ട്രോണിക് സംവിധാനം നിലവില്‍ വരുന്നതോടെ എയര്‍പോര്‍ട്ടിലും സ്ഥാപിക്കപ്പെടുന്ന ഇലക്‌ട്രോണിക് ഗേറ്റ് വഴിയാവും ഇഖാമ ഒരു വിദേശതൊഴിലാളി വന്നിറങ്ങുമ്പോള്‍ തന്നെ നല്‍കാനാവുന്നത്. സൗദി പാസ്‌പോര്‍ട്ട് (ജവാസാത്ത്) വിഭാഗം മേധാവി സാലിം അല്‍ ബലൈഹിദ് അറിയിച്ചതാണിത്. വിമാനത്താവളങ്ങളില്‍ പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ ഇലക്‌ട്രോണിക് ഗേറ്റ് സംവിധാനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് പാസ്‌പോര്‍ട്ട് വിഭാഗം മേധാവി ഇക്കാര്യം പറഞ്ഞത്. വൈകാതെ ഇത് പ്രാവര്‍ത്തികമാവുമെന്നും അദ്ദേഹം പറഞ്ഞു.

സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും അവരുടെ വീടുകളിലും ഓഫീസിലും ഇരുന്ന് തന്നെ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍, ഇലക്‌ട്രോണിക് ഗേറ്റ് സംവിധാനം പൂര്‍ണ്ണമായി നിലവില്‍ വരുന്നതോടെ ചെയ്യാനാകുമെന്നും അതിനായി പാസ്പോര്‍ട്ട് ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ട ആവശ്യം ഉണ്ടാവില്ലെന്നും അദ്ദേഹം അറിയിച്ചു. വര്‍ക്ക് വിസ കൂടാതെ വിദേശരാജ്യങ്ങളില്‍ നിന്നും വരുന്ന ബിസിനസുകാര്‍ക്കും കമ്പനി എക്സിക്യുട്ടീവുകള്‍ക്കും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താമെന്നും ഇലക്‌ട്രോണിക് രംഗത്തേയ്ക്കുള്ള പാസ്പോര്‍ട്ട് ഓഫീസിന്റെ നവീകരണം ബിസിനസ് രംഗത്തും വളരെ വലിയ മുന്നേറ്റമാവും ഉണ്ടാക്കുകയെന്നും സാലിം അല്‍ ബലൈഹിദ് വ്യക്തമാക്കി.

സൗദിയിലെ ബിസിനസ് രംഗത്തെ പ്രമുഖര്‍ പാസ്പോര്‍ട്ട് ഓഫീസിന്റെ ഈ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. തങ്ങളുടെ വിദേശത്തു നിന്നുള്ള ജീവനക്കാര്‍ക്ക് എന്നപോലെ തന്നെ കമ്പനി ഉടമകള്‍ക്കും ഇത് വളരെയധികം പ്രയോജനം ചെയ്യുമെന്ന് സൗദി എഞ്ചിനീയറിങ് ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ മാനേജിങ് ഡയറക്ടര്‍ റഫീഖ് യൂനസ് വെളിപ്പെടുത്തി. വിദേശതൊഴിലാളികള്‍ രാജ്യത്തെ എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ തന്നെ ഇഖാമ ലഭിക്കുന്നത് ഉടന്‍ തന്നെ ജോലിയിലേയ്ക്ക് പ്രവേശിക്കുന്നതിന് സഹായകരമാകുമെന്നും അത് അനാവശ്യമായ കാലതാമസം ഒഴിവാക്കി നിരവധി തൊഴില്‍ മണിക്കൂറുകള്‍ ഓരോ തൊഴിലാളിയിലും ലാഭിക്കുന്നതുകൊണ്ട് സമ്പദ്‌വ്യവസ്ഥയ്ക്കും ഏറെ ഗുണകരമായിരിക്കുമെന്ന്‌ റഫീഖ് കൂട്ടിച്ചേര്‍ത്തു.

സൗദിയിലെ പ്രമുഖ തൊഴില്‍ ദാതാക്കളായ സൗദി അരാംകോ, സൗദി ഇലക്‌ട്രിസിറ്റി കമ്പനി എന്നിവര്‍ യാതൊരു കാരണവശാലും ഇഖാമ ഇല്ലാത്ത വിദേശ തൊഴിലാളികള്‍ക്ക് ഐ.ഡി കാര്‍ഡുകള്‍ പോലും നല്‍കില്ല. ഇമിഗ്രേഷന്‍ നടപടി ക്രമങ്ങള്‍ വേഗതയില്‍ തീര്‍ത്ത് കടന്നുപോകുന്നതിന് വേണ്ടി സ്ഥിരം യാത്രക്കാര്‍ക്ക് പ്രത്യേക കാര്‍ഡ് നല്‍കുന്നതും സാലിം അല്‍ ബലൈഹിദ് ലോഞ്ച് ചെയ്തു. റിയാദിലെ കിങ് ഖാലിദ് എയര്‍പോര്‍ട്ടില്‍ അഞ്ച് ഇ-ഗേറ്റുകളും ദമ്മാമിലെ കിങ് ഫഹദ് എയര്‍പോര്‍ട്ടില്‍ നാല് ഇ- ഗേറ്റുകളും സ്ഥാപിച്ചുകഴിഞ്ഞുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. മറ്റ് എയര്‍പോര്‍ട്ടുകളിലും ഇ-ഗേറ്റുകള്‍ ഉടന്‍ തന്നെ സ്ഥാപിക്കും. പാസ്പോര്‍ട്ട് വിഭാഗത്തിലെ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമം ആക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും സ്റ്റാഫിന്റെ പെരുമാറ്റ രീതികള്‍ മെച്ചപ്പെടുത്തുന്നതിന് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.

വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുന്നാള്‍; രാമപുരത്തേയ്ക്ക് പതിനായിരങ്ങള്‍ ഒഴുകിയെത്തുന്നു



വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ചരമവാര്‍ഷികദിനമായ ഇന്നു രാമപുരം ഫൊറോന പള്ളിയില്‍ കുഞ്ഞച്ചന്റെ തിരുനാളില്‍ സംബന്ധിക്കാനായി ജാതിമതഭേദമെന്യേ പതിനായിരങ്ങള്‍ ഒഴുകിയെത്തും. ഇന്നു രാവിലെ 8.45 ന് നേര്‍ച്ചഭക്ഷണം വെഞ്ചരിക്കും. നേര്‍ച്ചസദ്യയ്ക്കായുള്ള വിഭവങ്ങള്‍ ഭക്തജനങ്ങള്‍ നേര്‍ച്ചകാഴ്ചകളായി എത്തിച്ചിരുന്നു. അരി, നാളികേരം, വാഴക്കുല, പയര്‍ തുടങ്ങിയവയാണ് നേര്‍ച്ചകാഴ്ചകളായി വിശ്വാസികള്‍ സമര്‍പ്പിക്കുന്നത്. ഭക്തജനങ്ങള്‍ക്കു നേര്‍ച്ചഭക്ഷണം വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഇന്നു രാവിലെ 5.30, 6.30, 7.30, 8.30 - വിശുദ്ധ കുര്‍ബാന. 9.45 ന് ഡിസിഎംഎസിന്റെ ആഭിമുഖ്യത്തിലുള്ള തീര്‍ഥാടനയാത്രയ്ക്കു സ്വീകരണം നല്‍കും. രാവിലെ പത്തിനു മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ റാസ അര്‍പ്പിച്ച് സന്ദേശം നല്‍കും. ഉച്ചയ്ക്ക് 12 നു പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് 2.30 നും 3.30 നും 4.30 നും വിശുദ്ധ കുര്‍ബാന

വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചനെപ്പറ്റി ദീപിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ഫാ. ജോസഫ് ആലഞ്ചേരിയുടെ ലേഖനമാണ് താഴെ നല്‍കുന്നത്

വാഴ്ത്തപ്പെട്ട തേവര്‍പറമ്പില്‍ കുഞ്ഞച്ചന്റെ മധ്യസ്ഥതയില്‍ അദ്ഭുത രോഗശാന്തി ലഭിച്ച അടിമാലി സെന്റ് മാര്‍ട്ടിന്‍സ് ഇടവകാംഗം ഗില്‍സണ്‍ വര്‍ഗീസ് നന്ദിയുടെ നറുമലരുകള്‍ അര്‍പ്പിക്കാനായി ഇന്നു രാമപുരത്തു വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ദിനത്തില്‍ കബറിടത്തിങ്കലെത്തും. അടിമാലി കളത്തില്‍വീട്ടില്‍ വര്‍ഗീസ്-എല്‍സി ദമ്പതികളുടെ മകനായ ഗില്‍സന്റെ വലതുകാല്‍ വളഞ്ഞതും ഇടതുകാല്‍ ശോഷിച്ചതുമായിരുന്നു. ജന്മനാ ഉണ്ടായിരുന്ന ഈ വൈകല്യം പരിഹരിക്കാന്‍ ഇരുകാലുകളിലും പ്ലാസ്റ്റര്‍ ഇട്ടിരുന്നു. എന്നാല്‍, അസഹ്യമായ വേദനയും അസ്വസ്ഥതയും മൂലം ഇതു പിന്നീടു നീക്കം ചെയ്തു.

നിലത്തു ചവിട്ടുന്നതിനോ കാലുറപ്പിക്കുന്നതിനോ നടക്കുന്നതിനോ കഴിയുമായിരുന്നില്ല. പല ഡോക്ടര്‍മാരെയും കാണിച്ചു. മൂന്നു ഘട്ടങ്ങളിലായി മൂന്ന് ഓപ്പറേഷനുകളിലൂടെയല്ലാതെ കാലുകള്‍ സുഖപ്പെടുകയില്ല എന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. എന്നാല്‍, സാമ്പത്തിക പരാധീനത മൂലം ഇതിനു കഴിഞ്ഞില്ല. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇടവക വികാരിയും രാമപുരം സ്വദേശിയുമായ ഫാ.ഏബ്രഹാം പാണങ്കാട്ട് ഗില്‍സനെകൂട്ടി രാമപുരത്തു കുഞ്ഞച്ചന്റെ സവിധത്തിലെത്തി. കാലുകള്‍ സുഖപ്പെടുന്നതിനായി അച്ചന്റെ നിര്‍ദേശത്താല്‍ പ്രാര്‍ഥിച്ചു.

വീട്ടില്‍ തിരിച്ചെത്തിയശേഷം കുടുംബാംഗങ്ങളോടൊപ്പം വീണ്ടും വീണ്ടും നിരന്തരമായി പ്രാര്‍ഥിച്ചു. ഒരു ദിവസം ഉറങ്ങിയെണീറ്റപ്പോള്‍ തന്റെ കാലുകള്‍ രണ്ടും നിവര്‍ന്നിരിക്കുന്നതുകണ്ട ഗില്‍സണ്‍ ആശ്ചര്യപ്പെട്ടു. നടന്നുനോക്കിയപ്പോള്‍ യാതൊരു തടസവും ഉണ്ടായിരുന്നില്ല. കുഞ്ഞച്ചന്റെ മധ്യസ്ഥതയാലാണു തന്റെ ശാരീരികന്യൂനത മാറിയതെന്നു ഗില്‍സണു ബോധ്യമായി. ഇക്കാര്യം വൈസ് പോസ്റ്റുലേറ്റര്‍ റവ.ഡോ. കുര്യന്‍ മാതോത്തിനെ അറിയിച്ചു. മാതാപിതാക്കള്‍, അധ്യാപകര്‍, അയല്‍വാസികള്‍, സഹപാഠികള്‍, ഡോക്ടര്‍മാര്‍ എന്നിവരില്‍നിന്നു വിവരങ്ങള്‍ ആരാഞ്ഞു. ഗില്‍സനെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, സുഖപ്പെടുന്നതിനു മുമ്പും ശേഷവുമുള്ള ഫോട്ടോകള്‍, എക്‌സ്‌റേ തുടങ്ങിയവയെല്ലാം നാമകരണ നടപടികള്‍ക്കായുള്ള കോണ്‍ഗ്രിഗേഷനില്‍ സമര്‍പ്പിച്ചു.

2004 ഒക്ടോബര്‍ 26ന് ഏഴു ഡോക്ടര്‍മാരുടങ്ങുന്ന വിദഗ്ധസംഘം ഗില്‍സന്റെ സുഖപ്രാപ്തി ശാസ്ത്രീയമായി വെളിപ്പെടുത്താന്‍ സാധ്യമല്ല എന്നു രേഖപ്പെടുത്തി. . 2005 ഡിസംബര്‍ 19നു ഗില്‍സണ്‍ വര്‍ഗീസിനു ലഭിച്ച സുഖപ്രാപ്തി അദ്ഭുതമാണെന്നു മാര്‍പാപ്പ സ്ഥിരീകരിച്ചു. അതോടെ ധന്യന്‍ കുഞ്ഞച്ചന്‍ വാഴ്ത്തപ്പെട്ടവനെന്നു നാമകരണം ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഇന്നു 30 വയസുള്ള ഗില്‍സണ്‍ ഭാര്യ സരിതയോടും രണ്ടു കുട്ടികളോടുമൊപ്പം തൃശൂര്‍ ഒല്ലൂര്‍ സെന്റ് ആന്റണീസ് ഇടവകയില്‍ താമസിക്കുന്നു. സ്വകാര്യ സ്ഥാപനത്തിലുണ്ടായിരുന്ന ജോലി നിര്‍ത്തി വിദേശത്തേക്കു പോകാനുള്ള തയാറെടുപ്പിലാണു ഇദ്ദേഹം.

എല്ലാ വര്‍ഷവും മുടങ്ങാതെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ചരമവാര്‍ഷികദിനത്തില്‍ ഗില്‍സണ്‍ മാതാപിതാക്കളോടൊപ്പം രാമപുരം പള്ളിയില്‍ എത്താറുണ്ട്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനും തൊഴില്‍ സമ്പാദിക്കാനും കുടുംബമായി ജീവിക്കാനും അവസരം ലഭിച്ചതു കുഞ്ഞച്ചന്റെ അനുഗ്രഹത്താലാണെന്നു പറയുന്ന ഗില്‍സണ്‍, കുഞ്ഞച്ചനെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്.

അനാഥര്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കും നിസഹായര്‍ക്കുമെല്ലാം ദൈവത്തിന്റെ മടിയിലാണു സ്ഥാനം എന്നു പറഞ്ഞുകൊണ്ട് പാവപ്പെട്ടവനെ ദൈവം സഹായമായുള്ളവന്‍ (ലാസര്‍) എന്ന പേരുവിളിച്ച് രക്ഷകനായ ക്രിസ്തു ലോകത്തോടു ധനവാന്റെയും ലാസറിന്റെയും ഉപമ പറഞ്ഞു. വിശ്വനായകനായ മിശിഹായുടെ പ്രബോധനവഴികളില്‍ പദമൂന്നി, ലോകാവസാനത്തോളം കൂടെയുള്ള തന്റെ ഗുരുവിന്റെ വചനങ്ങളെ നെഞ്ചോടു ചേര്‍ത്ത് കരുണയുടെയും കരുതലിന്റെയും നിക്ഷേപങ്ങള്‍ തോളില്‍ത്തൂക്കി കുഷ്ഠരോഗികളുടെ വഴികള്‍ മനഃപൂര്‍വം തെരഞ്ഞെടുത്ത ക്രിസ്തുവിനെപ്പോലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ കുടിലുകള്‍ തേടി കുഞ്ഞച്ചന്‍ യാത്രയായി. ഒരു നവോത്ഥാനത്തിന്റെ ആരംഭമായിരുന്നു അത്. തികച്ചും നിശബ്ദമായ ഒരു ഒറ്റയാള്‍ വിപ്ലവം. താന്‍ ആര്‍ക്കുവേണ്ടി ഇറങ്ങിത്തിരിച്ചുവോ അവര്‍ക്കുവേണ്ടി സഹനങ്ങളും വേദനകളും ഒറ്റയ്ക്ക് ഏറ്റെടുത്തു ലക്ഷ്യം നേടുവോളം കഠിനപരിശ്രമം നടത്തിയ ദൈവസ്‌നേഹിയും മനുഷ്യസ്‌നേഹിയുമായ ഒരു കൊച്ചു മനുഷ്യന്‍.

വനത്തിനുള്ളിലെ മനോഹരമായ പൂക്കളുടെയും സമുദ്രത്തിനുള്ളിലെ മുത്തുകളുടെയും അവസ്ഥ പോലെയായിരുന്നു കുഞ്ഞച്ചന്റെ സേവനങ്ങള്‍ക്കു ഭൗമികലോകം കൊടുത്ത ശ്രദ്ധ. മനുഷ്യന്റെ വിധികളുടെ മാനദണ്ഡമല്ലല്ലോ ദൈവത്തിന്റെ വിധികള്‍ക്കുള്ളത്. എന്നാല്‍, ഒന്നും അറിയപ്പെടാന്‍ ആഗ്രഹിക്കാതിരുന്നവരുടെ ജാതിമതവര്‍ഗവര്‍ണ വ്യത്യാസങ്ങള്‍ക്കതീതമായി ലോകത്തിനു മുന്നില്‍ പ്രസിദ്ധനാകാന്‍ വിധിയാളനായ മിശിഹാ തീരുമാനിച്ചു. ദൈവത്തിന്റെ ആ തീരുമാനത്തിനു മുമ്പില്‍ ഇന്ന് അനേകായിരങ്ങള്‍ രാമപുരത്തു കുഞ്ഞച്ചന്റെ കബറിടം ചുംബിച്ചു കടന്നുപോകുന്നു.

പൊക്കമില്ലാത്തവനായിരുന്നു തേവര്‍പറമ്പില്‍ അഗസ്റ്റിനച്ചന്‍. അതുകൊണ്ടാണ് ആ അച്ചനെ നരകയറി മൂടിയ ശിരസുമായി നടന്നിട്ടും ആളുകള്‍ കുഞ്ഞച്ചന്‍ എന്നു വിളിച്ചത്. 1926 സെപ്റ്റംബറിലാണു ദളിതരുടെ ഇടയില്‍ അദ്ദേഹം തന്റെ സേവനം ആരംഭിച്ചത്. ക്രൈസ്തവ മിഷനറിമാരുടെ സേവനത്തിന്റെ ഫലമായി ഉച്ചനീചത്വ ചിന്താഗതികളില്‍ മാറ്റങ്ങള്‍ പ്രകടമായി കണ്ടുതുടങ്ങിയിരുന്നെങ്കിലും ദളിതരുടെ ജീവിതശൈലിയില്‍ കാര്യമായ വ്യത്യാസം ഉണ്ടായിരുന്നില്ല. ഗാന്ധിജി വിളിച്ച പേര് ഹരിജനം (ദൈവജനം) മാത്രം ബാക്കിയായി. അവര്‍ ദളിതരായി (അടിച്ചമര്‍ത്തപ്പെട്ടവര്‍) തന്നെ തുടര്‍ന്നു. ഒരു തുണ്ടു ഭൂമിപോലും അവര്‍ക്കു സ്വന്തമായുണ്ടായിരുന്നില്ല. അക്ഷരജ്ഞാനമേയില്ല. ഒരു ദിവസം മുഴുവന്‍ ജോലി ചെയ്താല്‍ വൈകുന്നേരം ഭക്ഷണത്തിനുള്ള കുറച്ച് അരി കിട്ടും. രാത്രിയില്‍ കഞ്ഞിവച്ചു കുടിക്കും. രാവിലെ വീണ്ടും പണികള്‍ക്കായി പോകും. വളര്‍ച്ചയും അഭിവൃദ്ധിയുമൊന്നും സ്വപ്നം കാണാന്‍പോലും കഴിയാതിരുന്ന ജനം. അതിദയനീയമായ ഈ അവസ്ഥയില്‍നിന്നാണ് അനേകായിരങ്ങളെ നട്ടെല്ലുനിവര്‍ത്തി നില്‍ക്കാന്‍ പറ്റുന്ന ജീവിതത്തിലേക്കു കുഞ്ഞച്ചന്‍ നയിച്ചത്. ആ അര്‍ഥത്തില്‍ മഹാനായ ഒരു നവോത്ഥാരകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്നു കുഞ്ഞച്ചന്‍.

അക്കാലത്തു പൊതുവിദ്യാലയങ്ങളില്‍ ദളിതര്‍ക്കു പ്രവേശനമുണ്ടായിരുന്നില്ല. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ജീവിതസ്ഥിതിയില്‍ മാറ്റുണ്ടാക്കാനാകൂ എന്നു മനസിലാക്കിയതിനാല്‍ വിവിധ ഭാഗങ്ങളിലായി ദളിത് കുട്ടികള്‍ക്കായി ത്തന്നെ കുഞ്ഞച്ചന്‍ കളരികള്‍ ആരംഭിച്ചു. മടിയിലിരുത്തി അവരെ അച്ചന്‍ അക്ഷരം പഠിപ്പിച്ചു.

എല്ലാ കുടിലുകളിലും അദ്ദേഹം കയറിയിറങ്ങി. ദുഃഖങ്ങള്‍ കേള്‍ക്കുകയും രോഗികളെ ശുശ്രൂഷിക്കുകയും ചെയ്തു. ശുശ്രൂഷയ്ക്കിടയില്‍ ഒരിക്കല്‍ ചക്കാമ്പുഴയ്ക്കടുത്തുള്ള ഒരു കുടിലിനു മുമ്പില്‍ അദ്ദേഹം എത്തി. പുറത്തുനിന്നു വിളിച്ചപ്പോള്‍ അകത്തുനിന്ന് ഒരു ഞരക്കം മാത്രമേ കേള്‍ക്കാനുള്ളൂ.

നിലംപൊത്തിയ രീതിയില്‍ ഇരിക്കുന്ന കൂരയ്ക്കകത്തേക്കു മുട്ടിലിഴഞ്ഞാണു കുഞ്ഞച്ചന്‍ കയറിയത്. അകത്തുകണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. മരണത്തോടു മല്ലടിച്ച് ഒരു വൃദ്ധ വെറും നിലത്തു കിടക്കുന്നു. ആ ഒറ്റ മുറിയുടെ മൂലയ്ക്ക് അടുപ്പത്ത് ഒരു കലമിരിക്കുന്നു. കഞ്ഞിവെള്ളമാണ്. പൊടുന്നനെ ഒരു പ്ലാവിലയെടുത്തു കുമ്പിള്‍കുത്തി കഞ്ഞിവെള്ളം അതിലെടുത്ത് ആ പാവം വൃദ്ധയുടെ വായിലേക്ക് അച്ചന്‍ ഒഴിച്ചുകൊടുത്തു. ദാഹിച്ചു മരിക്കാന്‍ തുടങ്ങിയ ആ വൃദ്ധയുടെ കണ്ണുകളില്‍ പ്രകാശമായി. അടുപ്പിന്റെ ഒരു കല്ല് വലിച്ച് ആ സ്ത്രീയുടെ അടുത്തിട്ടിട്ടു തലയില്‍ കൈവച്ചു കുഞ്ഞച്ചന്‍ പ്രാര്‍ഥിച്ചു. ദൈവത്തിന്റെ കരുണ കടലുപോലെ ഒഴുകിയ സമയം. മക്കള്‍ വരുന്നതുവരെ കുഞ്ഞച്ചന്‍ അവിടെനിന്നു പോയില്ല. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആ വൃദ്ധ മരിച്ചു. കുഞ്ഞച്ചന്റെ ആവശ്യപ്രകാരം പള്ളിസെമിത്തേരിയില്‍ അവരെ അടക്കം ചെയ്തു.

അവഗണിക്കപ്പെട്ട ഒരു ജനവിഭാഗത്തെ ദൈവത്തിന്റെ സ്‌നേഹത്തിലേക്കും സാംസ്‌കാരിക മാറ്റത്തിലേക്കും കൈപിടിച്ചുയര്‍ത്തിയ ആ മഹാത്മാവിന്റെ ജീവിതത്തിന് 1973 ഒക്ടോബര്‍ 16-ാം തീയതി അന്ത്യമായി. ചരമപ്രസംഗം നടത്തിയ പ്ലാത്തോട്ടത്തില്‍ വലേറിയന്‍ അച്ചന്‍ പ്രവചിച്ചു: ഒരു വിശുദ്ധന്റെ മൃതസംസ്‌കാരത്തിലാണു നാം ഇപ്പോള്‍ സംബന്ധിക്കുന്നത്. ഇതാ സ്വര്‍ഗത്തില്‍ നമുക്കായി ഒരു മധ്യസ്ഥന്‍ കൂടി ഉണ്ടായിരിക്കുന്നു. ദൈവഹിതത്തിനു ചരിത്രം സാക്ഷിയായി. അദ്ഭുതങ്ങളും അടയാളങ്ങളും അനേകമുണ്ടായി. 2004 ജൂണ്‍ ആറിനു ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ കുഞ്ഞച്ചനെ ധന്യപദവിയിലേക്കുയര്‍ത്തി. 2006 ഏപ്രില്‍ 30നു വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കു കുഞ്ഞച്ചന്‍ ഉയര്‍ത്തപ്പെട്ടു.

Tuesday, October 11, 2011

നിര്‍മ്മല്‍ മാധവ് ആത്മഹത്യ ചെയ്തിരുന്നെങ്കില്‍ ഈ വെടിവയ്പിന്റെ ആവശ്യം ഉണ്ടായിരുന്നോ?




നിര്‍മല്‍ മാധവ് എന്ന വിദ്യാര്‍ഥിക്ക് കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജില്‍ പ്രവേശനം നല്‍കിയതിനെതിരെ കോളേജ് ഉപരോധിച്ച എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കുനേരെ പോലീസ് വെടിവെച്ചു. സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ ലാത്തിച്ചാര്‍ജിലും കല്ലേറിലും 40 പേര്‍ക്ക് പരിക്കേറ്റു. എസ്.എഫ്.ഐ.സംസ്ഥാനസെക്രട്ടറി പി.ബിജു, മാതൃഭൂമി ഫോട്ടോഗ്രാഫര്‍ കെ.കെ.പ്രവീണ്‍, തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. പ്രവര്‍ത്തകരുടെ കല്ലേറില്‍ രണ്ട് എ.എസ്.ഐ. മാര്‍ ഉള്‍പ്പെടെ 17 പോലീസുകാര്‍ക്കും ഒരു ഹോംഗാര്‍ഡിനും പരിക്കേറ്റു. ലാത്തിച്ചാര്‍ജില്‍ 20 എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കും പരിക്കുണ്ട്. തലയ്ക്ക് സാരമായി പരിക്കേറ്റ ബിജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ഷങ്ങളായി നടക്കുന്ന സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഇന്നലെ നടന്നിരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ മാധവമന്ദിരത്തില്‍ എം. തങ്കച്ചന്റെയും ചന്ദ്രിയുടെയും മകന്‍ നിര്‍മല്‍ 2009ല്‍ പ്ലസ്ടുവിന് 75% മാര്‍ക്ക് നേടി ജയിച്ചു. കൊപ്രാ കച്ചവടക്കാരനായിരുന്ന തങ്കച്ചന്‍ ബൈക്ക്‌ അപകടത്തെ തുടര്‍ന്നുണ്ടായ പരിക്ക് മൂലം കച്ചവടം നിര്‍ത്തി. മങ്കലം ഹൈസ്‌കൂളില്‍ കായിക അധ്യാപികയാണ് ചന്ദ്രി. നിര്‍മലിന് എന്‍ജിനീയറിങ് പഠനത്തിന് പ്രവേശനം കിട്ടിയത് കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ ക്യാംപസില്‍ത്തന്നെ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ എന്‍ജിനീയറിങ് കോളജായ ഐഇടിയില്‍. ആലപ്പുഴ, കൊല്ലം ജില്ലകളിലെ ഏതെങ്കിലും എന്‍ജിനീയറിങ് കോളജിലേക്കു മാറ്റം കിട്ടുന്നതിനായി നോക്കിയിരുന്ന നിര്‍മലിനെ സഹായിക്കാമെന്ന വാഗ്‌ദാനവുമായി ഒരു പ്രമുഖ എസ്എഫ്‌ഐ നേതാവ് മുന്നോട്ടുവന്നു. ട്രാന്‍സ്ഫര്‍ കാര്യം ശരിയാക്കാം എന്ന ഉറപ്പില്‍ ഇടയ്ക്ക് പണം കടമായും ഷര്‍ട്ട്, ബാഗ് തുടങ്ങിയവ് ഉപയോഗിക്കാനായും വാങ്ങിയതല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ല.

രണ്ടാം സെമസ്റ്റര്‍ തുടങ്ങിയപ്പോള്‍, ഇന്റര്‍ കോളജ് ട്രാന്‍സ്‌ഫര്‍ നടക്കില്ലെന്ന് നിര്‍മലിന് ഉറപ്പായതോടെ, കടം നല്‍കിയ പണം നേതാവിനോട് തിരിച്ച് ചോദിച്ചു. പണം തിരിച്ച് ചോദിച്ചാല്‍ ഇവിടെ പഠിക്കേണ്ടിവരില്ലെന്ന ഭീഷണി അപ്പോള്‍ത്തന്നെ ഉയര്‍ന്നു. മാത്രവുമല്ല, ഒരു കാരണം കിട്ടിയാല്‍ നിര്‍മലിനിട്ടു തല്ല് കൊടുക്കാന്‍ അനുയായികള്‍ക്ക് നേതാവ്‌ നിര്‍ദേശം നല്‍കുകയും ചെയ്തു. ആവശ്യത്തിനും അനാവശ്യത്തിനും കാമ്പസില്‍ നിര്‍മലിനു നേരേ ശാരീരികമായ ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ നിര്‍മലിന്റെ പിതാവ് തങ്കച്ചന്‍ ഇടപെട്ടു. കടം നല്‍കിയ പണം തിരിച്ചു കിട്ടിയില്ലെങ്കിലും മകനെ പഠിക്കാന്‍ അനുവദിച്ചാല്‍ മതിയെന്ന് അദ്ദേഹത്തിന്റെ അപേക്ഷയോടെ കുറച്ച് സമാധാനമായി.

എന്നാല്‍ എസ്എഫ്‌ഐ, സമരത്തിന് ആഹ്വാനം ചെയ്ത ഒരു ദിവസം രാവിലെ വീട്ടില്‍നിന്നെത്തിയ നിര്‍മല്‍ നേരെ ക്ലാസിലേക്കു പോയി. കൂടെ പഠിക്കുന്ന കുറേ വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഉണ്ടായിരുന്നതിനാല്‍ സമരം ആണെന്നുപോലും അറിയാതെ ക്ലാസില്‍ കയറി. അന്ന് ക്ലാസിലിട്ടു ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് ക്യാംപസില്‍ ഒറ്റയ്ക്ക് എവിടെ നിന്നാലും തല്ലുമെന്ന സ്ഥിതിയായി. കന്റീനില്‍ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ അറിയാതെ വന്നു മുഖത്തേക്കു ചായ ഒഴിക്കുന്നതും ചൂടുവെള്ളം ഒഴിക്കുന്നതുമൊക്കെ സ്ഥിരം സംഭവങ്ങളായി. ക്യാംപസില്‍ എന്തു പ്രശ്‌നങ്ങള്‍ ഉണ്ടായാലും നിര്‍മലിനു തല്ലു കിട്ടിയിരിക്കുമെന്ന അവസ്ഥയായി. നിര്‍മലിനോട് മറ്റു കുട്ടികള്‍ മിണ്ടരുത് എന്നുള്ള കല്പന നേതാക്കന്മാര്‍ പുറത്തിറക്കി.

ഇന്റേണല്‍ പരീക്ഷ എഴുതാനെത്തിയ രണ്ടുതവണ തല്ലിയോടിച്ചു. മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് പലപ്പോഴും ആക്രമണം. ക്ലാസില്‍ പോകാന്‍ പറ്റാതായതോടെ നഗരത്തില്‍ ട്യൂഷനു പോയി പഠനം തുടര്‍ന്നു. എന്നാല്‍ അവിടെയും പിന്തുടര്‍ന്നു. കോഴിക്കോട് നഗരത്തിലെത്തി ട്യൂഷന്‍ കഴിഞ്ഞു മടങ്ങുമ്പോള്‍ രാമനാട്ടുകരയില്‍നിന്ന് കയറിയ ഒരു സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബസില്‍വച്ചു തല്ലി. ക്ലാസില്‍വച്ച് അടികിട്ടിയ അന്നേ വകുപ്പുമേധാവിക്കു പരാതി നല്‍കിയതാണ്. എന്നാല്‍ അന്നത്തെ വകുപ്പുമേധാവി അതു സ്വീകരിക്കാന്‍ വിസമ്മതിച്ചു. മാത്രവുമല്ല, പരാതിയുമായൊന്നും മുന്നോട്ടു പോകേണ്ട, മര്യാദയ്ക്ക് അവര്‍ പറയുന്നതു കേട്ടു പഠിച്ചുപോകാന്‍ നോക്ക് എന്ന്‌ ഉപദേശിക്കുകയും ചെയ്തു.

ഒരു ദിവസം ക്യാംപസില്‍ പ്രശ്‌നങ്ങള്‍ നടക്കുമ്പോള്‍ നിര്‍മലിന് അടി ഉറപ്പായതോടെ വകുപ്പുമേധാവിയുടെ അടുത്ത് അഭയം തേടി. ഒന്നും പേടിക്കേണ്ട എന്നുപറഞ്ഞ് നിര്‍മലിനെ തിരികെ ക്ലാസിലേക്കു മേധാവി കൂട്ടിക്കൊണ്ടുവന്നു. അദ്ദേഹം പുറത്തിറങ്ങിയ നിമിഷം തുടങ്ങിയ അടി സഹിക്കാന്‍ കെല്‍പ്പില്ലാതെ നിര്‍മല്‍ ഓടിക്കയറിയത് പ്രിന്‍സിപ്പലിന്റെ മുറിയില്‍. അപ്പോള്‍ അവിടെയുണ്ടായിരുന്ന പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കു പിന്നീട് ഇതുമായി ബന്ധപ്പെട്ട കേസില്‍ മറ്റൊരു സാക്ഷിയെ അന്വേഷിക്കേണ്ടിവന്നില്ല. ഇതോടെ ക്യാംപസില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു.

രണ്ടുതവണ ഇന്റേണല്‍ പരീക്ഷ എഴുതാനെത്തിയ നിര്‍മലിനെ അവര്‍ അടിച്ചോടിച്ചു. പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കാനും അനുവദിക്കാതെ അടിച്ചോടിച്ചു. ഇതിനിടെ നിര്‍മല്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് അപേക്ഷ നല്‍കുകയും ഹാള്‍ടിക്കറ്റ് കൈപ്പറ്റുകയും ചെയ്തു. ആ ദിവസങ്ങളില്‍ സര്‍വകലാശാലയുടെ സമീപം കോഹിനൂര്‍ ജംക്ഷനില്‍ ഇരുപതോളം വരുന്ന എസ്എഫ്‌ഐ സംഘം നിര്‍മലിനെ തടഞ്ഞുനിര്‍ത്തി തല്ലിച്ചതച്ചത്. കല്ലും കുറുവടിയുമൊക്കെ ഉപയോഗിച്ചുണ്ടായ അക്രമത്തില്‍ അതീവഗുരുതരമായ പരുക്കുകളാണ് ഉണ്ടായത്.

പരീക്ഷ എഴുതാന്‍പോലും ആകില്ലെന്ന് ഉറപ്പായ നിര്‍മല്‍ നിരാശയുടെ പടുകുഴിയിലേക്കും കൂപ്പുകുത്തി. കഷ്ടപ്പെട്ടു പഠിപ്പിക്കാന്‍ വിട്ട അച്ഛനുമമ്മയ്ക്കും കത്തെഴുതിവച്ച് എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് അതിനു പിറ്റേന്നാണ്. 2010 ഒക്‌ടോബര്‍ 27നു രാത്രി എട്ടുമണിക്ക്. വിദ്യാര്‍ഥികളില്‍ ചിലരുടെ സമയോചിതമായ ഇടപെടല്‍ നിര്‍മലിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു. അച്ഛനും അമ്മയ്ക്കുമായി എഴുതിയ കത്തില്‍ പീഡനത്തിനും റാഗിങ്ങിനുമൊക്കെ നേതൃത്വം നല്‍കിയവര്‍ ഏഴുപേരുണ്ട്. ഏഴുപേര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. മകന്‍ ക്രൂരമായ റാഗിങ്ങിനു വിധേയമായാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു കാണിച്ചു പിതാവ് തങ്കച്ചന്‍ കോളജ് അധികൃതര്‍ക്കും പരാതി നല്‍കി. അറസ്റ്റുണ്ടായത് 2011 ഫെബ്രുവരി 13നു മാത്രം. കേസില്‍ ഉള്‍പ്പെട്ട രണ്ടുപേരെ കോളജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പ്രിന്‍സിപ്പല്‍ രാജിവച്ചു പോകുകയും പുതിയ പ്രിന്‍സിപ്പലായി ചാര്‍ജെടുത്ത വകുപ്പുമേധാവി ഇവരെ തിരിച്ചെടുക്കുകയും ചെയ്യാന്‍ അധിക ദിവസങ്ങള്‍ വേണ്ടിവന്നില്ല. കേസില്‍ ഉള്‍പ്പെട്ട എസ്എഫ്‌ഐ നേതാക്കള്‍ കേസ് പിന്‍വലിപ്പിക്കാന്‍ ആവശ്യപ്പെട്ട് ആശുപത്രിയിലെത്തിയും ഭീഷണിപ്പെടുത്തി. പക്ഷേ കേസ് തുടരുന്നു. കാലിക്കറ്റ് സര്‍വകലാശാലാ വളപ്പിന്റെ ഒരുഭാഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐഇടി. സര്‍ക്കാര്‍ പണം ഉപയോഗിച്ചു തുടങ്ങിയ സ്വാശ്രയകോളജ്. കണ്ണൂരിലെ പാര്‍ട്ടിഗ്രാമങ്ങള്‍ക്കു തത്തുല്യമായ 'പദവിയാണ് സര്‍വകലാശാലയില്‍ ഈ പ്രദേശത്തിന്. സര്‍വകലാശാലയിലെ ജീവനക്കാര്‍പോലും പലരും ഈ സെക്ഷനില്‍ ജോലിചെയ്യാന്‍ മടിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാജിവച്ചു പോയതു രണ്ടു പ്രിന്‍സിപ്പല്‍മാര്‍. ഒടുവില്‍ ആശുപത്രിയില്‍ നിന്നും നിര്‍മല്‍ നാട്ടിലേക്കു വണ്ടി കയറി.

വിഷയത്തിന്റെ സത്യസന്ധത ബോധ്യപ്പെട്ട് പുന്നപ്ര കേപ് കോളജ് അധികൃതര്‍ തുടര്‍ന്നു പഠിക്കാന്‍ അനുമതിയും നല്‍കി. പക്ഷേ വേണ്ടിയിരുന്നത് ആദ്യ സെമസ്റ്ററുകള്‍ ഐഇടിയില്‍ പൂര്‍ത്തിയാക്കി എന്നുള്ള സര്‍ട്ടിഫിക്കറ്റ്. കേരള സര്‍വകലാശാലയില്‍ മൂന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട തീയതിക്കു മുമ്പേ ഈ സര്‍ട്ടിഫിക്കറ്റ് കിട്ടേണ്ടിയിരുന്നു. ഇടതുഭരണത്തില്‍ അമര്‍ന്ന സര്‍വകലാശാലയില്‍ ഇതിനുള്ള തീരുമാനം അനന്തമായി നീണ്ടു. ഒപ്പം ക്ലാസില്‍ പോലും കയറാന്‍ പറ്റാതായതിനാല്‍ മൂന്നാം സെമസ്റ്ററില്‍ ഹാജര്‍ ഇളവു നല്‍കുന്നതിനു നല്‍കിയ അപേക്ഷയും അവിടെ കറങ്ങി നടന്നു. അതോടെ പരീക്ഷ എഴുത്തും മുടങ്ങി. നിര്‍മലിനെ കേരളത്തിലെ മറ്റേതെങ്കിലും കോളജില്‍ തുടര്‍ന്നു പഠിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും വിദ്യാഭ്യാസമന്ത്രി എം.എ. ബേബിക്കും അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രി ഈ വര്‍ഷം ഫെബ്രുവരി ഒന്നിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോട് നിര്‍ദേശിക്കുകയും ചെയ്തു. മാനുഷിക പരിഗണന ഉണ്ടാകണമെന്ന് അന്നത്തെ മുഖ്യമന്ത്രി നിര്‍ദേശിച്ച അപേക്ഷയില്‍ ഉണ്ടായ തീരുമാനത്തിനെതിരെയാണ് ഇപ്പോള്‍ എസ്എഫ്‌ഐ സമരം.

തുടര്‍ച്ചയായ സമരങ്ങള്‍ക്കൊപ്പം നിര്‍മലിനെ ഭീഷണിപ്പെടുത്തുകയും, കോളജില്‍ ഒറ്റപ്പെടുത്തുകയും ചെയ്യാറുണ്ട് കുട്ടിസഖാക്കള്‍. ഒന്നുകില്‍ കേസ് പിന്‍വലിക്കണം. അല്ലെങ്കില്‍ കോടതിയില്‍ മൊഴി മാറ്റിപ്പറയണം എന്ന ആവശ്യം മാത്രം. ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എടുത്ത കേസ് എങ്ങനെയാണ് നിര്‍മലിന് പിന്‍വലിക്കാന്‍ ആവില്ല എന്നുള്ളത് അവര്‍ക്കറിയേണ്ടതില്ല. സ്വാശ്രയ കോളജില്‍ അഡ്മിഷന്‍ വാങ്ങിയ വിദ്യാര്‍ഥിയെ സര്‍ക്കാര്‍ കോളജില്‍ പഠിക്കാന്‍ അനുവദിക്കില്ല എന്നതാണു സമരത്തിനു കാരണമായി പറയുന്നത്. മൂന്നാം വര്‍ഷം ഒഴിവുള്ള, മറ്റാരെയും അഡ്മിറ്റ് ചെയ്യാന്‍ പറ്റാത്ത രണ്ടു സീറ്റുകളില്‍ ഒന്നിലാണ് നിര്‍മലിന് പ്രവേശനം നല്‍കിയത്.

2011 മെയ് 30 ന് നിര്‍മല്‍ മാധവ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ പരാതിയുടെ പുറത്താണ്, കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജില്‍ ഒഴിവുള്ള മെക്കാനിക്കല്‍ എന്‍ജീനിയറിങ് വിഭാഗത്തിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായി നിര്‍മല്‍ മാധവിന് പ്രവേശനം നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലായ് അഞ്ചിന് അഞ്ചാം സെമസ്റ്ററില്‍ സര്‍വകലാശാല പ്രവേശനം നല്‍കുകയും ചെയ്തു. എസ്എഫ്‌ഐ സമരം തുടരുകയാണ്. പക്ഷേ ഇത്രയും പീഢനങ്ങളിലൂടെ പാകം വന്ന നിര്‍മ്മലും ദൃഢനിശ്ചയത്തിലാണ്. എന്തു വന്നാലും നേരിടാന്‍ തയ്യാറാണെന്ന്.

Tuesday, May 10, 2011

സൗദിവത്കരണം കാര്യക്ഷമമാക്കാന്‍ പുതിയ കാല്‍വെപ്പുകള്‍

സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരം ഉറപ്പാക്കുന്നതിന് സൗദി ഭരണകൂടം കൂടുതല്‍ ഊര്‍ജിതവും കാര്യക്ഷമവുമായ നടപടികളിലേക്ക് നീങ്ങുന്നു.
സൗദിവത്കരണത്തില്‍ ഉപേക്ഷ വരുത്തുന്ന സ്ഥാപനങ്ങളിലെ വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കിക്കൊടുക്കുന്നത് നിര്‍ത്തലാക്കുക ഉള്‍പ്പെടെയുള്ള നടപടികളാണ് വരാന്‍ പോകുന്നത്. തൊഴില്‍മന്ത്രി ആദില്‍ ഫഖീഹ് ജിദ്ദയില്‍ ഒരു പ്രസ്താവനയിലാണ് പുതിയ നീക്കങ്ങള്‍ അറിയിച്ചത്.
സൗദിവത്കരണത്തില്‍ താത്പര്യം കാണിക്കുന്ന സ്ഥാപനങ്ങളെയും അല്ലാത്തവരെയും വേര്‍തിരിച്ചു കണ്ടായിരിക്കും തിരിച്ചുള്ള സമീപനങ്ങളും ആനുകൂല്യങ്ങളും എന്നും മന്ത്രി തുടര്‍ന്നു. ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിക്കാന്‍ 'നിത്വാഖാത്ത്' എന്ന പേരില്‍ പുതിയ സിസ്റ്റം മന്ത്രാലയം ഏര്‍പ്പെടുത്തും.
സൗദിവത്കരണത്തില്‍ ശുഷ്‌കാന്തി കാണിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പലവിധ ആനുകൂല്യങ്ങളും നല്‍കും. അല്ലാത്തവര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സ്വകാര്യ തൊഴില്‍ദാതാക്കള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ മത്സരബുദ്ധി ഉണ്ടാക്കിയെടുക്കുകയാണ് സൗദി തൊഴില്‍മന്ത്രാലയത്തിന്റെ ലക്ഷ്യം.
'നിത്വാഖാത്ത്' അനുസരിച്ച് സ്വകാര്യസ്ഥാപനങ്ങളെ ട്രാഫിക് സിഗ്‌നലിലേതുപോലെ പച്ച, മഞ്ഞ, ചുകപ്പു ബെല്‍റ്റുകളിലാക്കി തരംതിരിക്കും. തൊഴില്‍ സ്വദേശിവത്കരണത്തില്‍ വിജയംകൈവരിച്ച സ്ഥാപനങ്ങള്‍ പച്ചയിലും വേണ്ടത്ര നേടിയിട്ടില്ലാത്തവ മഞ്ഞ ബെല്‍റ്റിലുമായിരിക്കും ഉള്‍പ്പെടുക. മോശം അവസ്ഥയിലുള്ളവ ചുകപ്പില്‍ ഉള്‍പ്പെടും.
ചുകപ്പുവിഭാഗത്തില്‍പ്പെടുന്ന സ്ഥാപനങ്ങളിലെ വിദേശികള്‍ക്കാണ് വര്‍ക്ക് പെര്‍മിറ്റ് പുതുക്കിക്കൊടുക്കാതിരിക്കുക. അതോടൊപ്പം മഞ്ഞ, ചുകപ്പ് വിഭാഗത്തില്‍പ്പെടുന്ന കമ്പനിയിലെ ജീവനക്കാര്‍ക്ക് തൊഴില്‍ദാതാവിന്റെ അനുമതിയില്ലാതെതന്നെ പച്ച ബെല്‍റ്റിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറുകയും ചെയ്യാം.
ജൂണ്‍ 11ന് സ്ഥാപനങ്ങളുടെ ഗ്രേഡിങ് സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തും. ഇതിനകം സ്വകാര്യ സ്ഥാപനങ്ങള്‍ തങ്ങളുടെ കീഴിലുള്ള സൗദി ജീവനക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് അതോറിറ്റിയില്‍ രജിസ്റ്റര്‍ചെയ്യണം.
അതോറിറ്റിയുടെ വിവരശേഖരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സൗദിവത്കരണത്തിലെ തുടര്‍നടപടികള്‍.
മന്ത്രാലയത്തില്‍നിന്നും സ്വകാര്യമേഖലയില്‍നിന്നുമുള്ള പ്രതിനിധികളും മാനവശേഷി രംഗത്തെയും സാമ്പത്തികരംഗത്തെയും വിദഗ്ധരും ഉള്‍പ്പെട്ട സമിതി നിരവധി തവണ നടത്തിയ വര്‍ക്ക്‌ഷോപ്പുകളില്‍നിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങള്‍പ്രകാരമാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ രൂപപ്പെടുത്തിയത്.
വിദേശികളില്‍ 84 ശതമാനം പേര്‍ അവിദഗ്ധരും സെക്കന്‍ഡറി വിദ്യാഭ്യാസംമാത്രം സിദ്ധിച്ചവരുമാണ്. സ്വകാര്യമേഖലയുടെ തികഞ്ഞ സഹകരണം ഉണ്ടെങ്കില്‍ ഇത്രയും പേരുടെ അവസരങ്ങളില്‍ സ്വദേശികളെ നിയമിക്കാനാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
എണ്‍പത് ലക്ഷം വിദേശിതൊഴിലാളികളെ സൗദിമാര്‍ക്കറ്റിന് ഉള്‍ക്കൊള്ളാമെങ്കില്‍ എന്തുകൊണ്ട് അതിന്റെ പത്തിലൊന്ന് എണ്ണം മണ്ണിന്റെ മക്കളെ ഉള്‍പ്പെടുത്തിക്കൂടെന്ന് തൊഴില്‍മന്ത്രി ആദില്‍ ഫഖീഹ് ചോദിച്ചു.
ഗാസി ഖുസയ്യിബിന്റെ മരണത്തെത്തുടര്‍ന്ന് നിയമിതനായ ഇപ്പോഴത്തെ സൗദി തൊഴില്‍മന്ത്രി ആദില്‍ ഫഖീഹ് സൗദിവത്കരണം സംബന്ധിച്ച് പുതിയ ചില നടപടികളിലേക്ക് നീങ്ങുമെന്ന് ആദ്യംമുതല്‍ക്കേ സൂചനയുണ്ടായിരുന്നു.
പുതിയ പരിപാടിക്കായി ആയിരം പേരെ അധികമായി നിയമിച്ചുകൊണ്ട് അബ്ദുള്ള രാജാവ് ഉത്തരവിട്ടിട്ടുമുണ്ട്.